റവന്യൂമന്ത്രിക്ക് വിവേകമില്ലെന്ന് സിപിഐഎം നേതാവ് എസ് രാജേന്ദ്രന്
മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന ആരോപണങ്ങള്‍ നിഷേധിച്ചും റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും ദേവികുളം സബ്കളക്ടര്ക്കുമെതിരെ സിപിഐഎം നേതാവും എംഎല്‍എയുമായ എസ്.രാജേന്ദ്രന്. മൂന്നാറിലെ വികസന പ്രവര്‍ത്തനങ്ങളെ തടയാനുളള അണിയറ നീക്കങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായുളള വ്യാജ പ്രചാരണങ്ങളാണ് ഇപ്പോള്‍ ഉണ്ടായിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു. റവന്യുമന്ത്രിക്ക് വിവേകമില്ല. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ അപക്വമാണ്. ഒപ്പമുളളവര്‍ മന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദേവികുളം സബ്കളക്ടറായി ശ്രീറാം വെങ്കിട്ടരാമന് എത്തുന്നത് വരെ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ശ്രീറാം ദേവികുളത്ത് എത്തിയതോടെയാണ് മൂന്നാറില്‍ കൈയേറ്റങ്ങള്‍ ഏറിയത്. അദ്ദേഹത്തെ പിന്തുണക്കുന്ന റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ നിലപാട് അപക്വമാണ്. ശ്രീറാമിന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ പ്രേതം ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ ആറു മാസത്തിനുളളിലാണ് മൂന്നാറിലെ ഇരുനില കെട്ടിടങ്ങളെല്ലാം ഉയര്‍ന്നതെന്ന് വിശ്വസിക്കാന്‍ മൂന്നാറിലെ ജനങ്ങള്‍ക്കാവില്ല. മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ യാഥാര്‍ത്ഥ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.